വടക്കഞ്ചേരി: ആയക്കാട് മന്ദത്ത് കെഎസ്ആർടിസി ബസിൽനിന്നു തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്കേറ്റു. ആലത്തൂർ സ്വദേശി സെയ്ദ് മുഹമ്മദ് (46) നാണ് അപകടമുണ്ടായത്.
താടിയിലും നെറ്റിയിലും പരിക്കേറ്റ കണ്ടക്ടർ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ഒറ്റപ്പാലത്തുനിന്നും പുളിങ്കൂട്ടം, ആയക്കാട്, വടക്കഞ്ചേരി വഴി കിഴക്കഞ്ചേരി പാണ്ടാംകോട് പോകുന്ന ബസായിരുന്നു.
മന്ദത്തെ സ്റ്റോപ്പിൽനിർത്തി യാത്രക്കാർ കയറി ബസ് മുന്നോട്ടുപോകുന്നതിനിടെ യാത്രക്കാരുടെ തിരക്കുമൂലം പെട്ടെന്ന് ഡോർതുറന്ന് റോഡിലേക്കുവീഴുകയായിരുന്നു. വടക്കഞ്ചേരി ഡിപ്പോയിലെ ബസാണ്. പ്രിയദർശിനി ബസായതിനാൽ ബസിൽ ഏറെയാത്രക്കാരുണ്ടായിരുന്നതായി ഡിപ്പോ അധികൃതർ പറഞ്ഞു.
തിരക്കുകൂടിയതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ വടക്കഞ്ചേരിയിലെത്തിച്ചു.
കണ്ടക്ടർമാരുടെ കുറവുള്ളതിനാൽ ബസ് പിന്നീട് സർവീസ് നടത്താനായില്ലെന്നും അധികൃതർ അറിയിച്ചു.